Monday, September 28, 2015

നാളെ



നിരത്തിൽ  നിരങ്ങുന്ന  നാലുകാലൻ,
നട്ടെല്ല് നീണ്ടൊരു ഞണ്ടുകാലൻ
നായയല്ല, നാട്ടുകാരനല്ല,
നല്ലതായാരാലും നോട്ടമില്ല.

നാലുകാൽ, ഞണ്ടുകാൽ ഊന്നി ഊന്നി
നെഞ്ചും  നിരത്തിൽ ഉരച്ചു നീങ്ങി,
വൃണം ഞണ്ടു കണക്കങ്ങു വിണ്ടുകീറി
ചൊറി നായയെ പോലെ പഴുത്തു നാറി

ഊരും ഉയിരും ഊർന്ന് പോകാതെ നോക്കണം
ഊര് തെണ്ടി നാളു നീക്കണം മുന്നിലായ്..
നാളെയെ നോക്കി നിരങ്ങി നീങ്ങീ
നാളെകൾ നാൾക്കു നാൾ നേർത്തു വന്നു

നീണ്ടു നിവർന്ന നിരത്തിലൂടെ
നീണ്ടു നിവർന്നു ഞരങ്ങി മൂളി
മുന്നിലെ രണ്ടു ഞണ്ടുകാലോ
നന്നായിരുന്ന തൻ കൈകളത്രെ

ഞാനൊരു ജ്ഞാനിയാണെന്നു മൂളി
തത്വങ്ങൾ പലതും നുരചു പൊന്തി
ഉച്ചത്തിൽ നീട്ടി വിളിച്ചു ചൊല്ലി;
മൂളലൊരു നേർത്ത തേങ്ങലായി
തേങ്ങൽ വളർന്നൊരലർച്ചയായി
ഉച്ചവെയിലിൽ ഉച്ചി ചുട്ടുപൊള്ളി
ഇച്ചിരി വെള്ളമെന്നാർത്തു കൂവി
ആളുകൾ ഈർഷ്യയോടെത്തിനോക്കി.

വായിൽ നിന്നും നുര പതഞ്ഞൊഴുകി
നുരയുടെ നിറമോ ചുവന്നു വന്നു
ശ്വാസഗതി കൂടി, നാവും കടിച്ചയാൾ
കൂനു നിവർന്നയാൾ നീണ്ടു നിവർന്നു
വായിലും വയറിലും കാലിലും കൈയിലും
വൃണം വിണ്ടുകീറാത്ത  ഭാഗമില്ല

നാറ്റം സഹിക്കാതെ നാട്ടുകാരോക്കെയും
ചാവാൻ കിടന്നിട്ടും വെള്ളം കൊടുക്കാതെ
പലതും പറഞ്ഞു, പെയ്തു പെറുക്കി
നാലുദിക്കിലെക്കൊതുങ്ങി മാറി

നീണ്ടു നിവർന്നു കിടന്നു ഭ്രാന്തൻ ,
വീണ്ടും അയാളൊന്നു പിടഞ്ഞു
വട്ടത്തിൽ വീണ്ടും കൂനിക്കൂടി
വീണ്ടും നിവർന്നാഞ്ഞു ശ്വാസം പിടിച്ചു
അന്ത്യമായി ആരെയോ തേടിയ
കണ്ണുകൾ രണ്ടും ഈറനണിഞ്ഞു;
കണ്ണുനീർ ധാരയായ് അടർന്നു വീണു
കത്തുന്ന സൂര്യനെ നോക്കി കിടന്നയാൾ
"നാളെ" അതിന്നെന്നു വിളിച്ചുചോല്ലി
ഉള്ളിലെ ശ്വാസം പുറത്തു വിട്ടു ..
ഇഹലോകവാസം വെടിഞ്ഞു പോയി..

നാളെയെ പാർത്തു നിരങ്ങി നിരങ്ങി
നാളിതു വരെ പുഴുത്തു നാറി
"നാളെ" അതിന്നെന്നു വിളിച്ചുചോല്ലി
ഇഹലോകവാസം വെടിഞ്ഞു പോയി..

No comments:

Post a Comment