Monday, January 5, 2015

പുതുവത്സരാശംസകൾ

ഉച്ച സമയം 12:00
ഒറീസ്സയിൽ ബരംപുർ സ്റ്റേഷൻ കഴിഞ്ഞ് തരക്കേടില്ലാത്ത വേഗതയിൽ ട്രെയിൻ സഞ്ചരിക്കുന്നു. ഓട്ടത്തിനിടയിൽ ഒരു ചെറിയ സ്റ്റേഷന്റെ പേര് കണ്ടു - "ഹുമ്മ" നല്ല പേര് .. ഒരു ചെറു പുഞ്ചിരിയോടെ കുത്തിയിരുപ്പ് തുടരുന്നു..എഴുതികൂട്ടാൻ ശ്രമിക്കുന്നത് ട്രെയിനിന്റെ കുടുക്കം കാരണം ദുഷ്കരമാകുന്നു. സ്വതവേ ഭംഗിയില്ലാത്ത കൈയക്ഷരം തീർത്തും വഷളായി. വയസ്സുകാലത്ത് എഴുതിയാൽ എങ്ങനെയിരിക്കും എന്ന് മനസ്സിലാക്കാം.. (നിന്റെ കൈയക്ഷരം എത്ര നല്ലതാണ്.!!)
കുറച്ചു മുൻപ് കടലു പോലെ തോന്നിച്ച ജലാശയം ഏതെന്നു സംശയിച്ചു- ചെറിയ ചെറിയ തിരകൾ, അങ്ങിങ്ങ് പാറിപ്പറക്കുന്ന കൊറ്റികൾ, മഴക്കാറു കൊണ്ട് മുഴുവൻ മൂടി പൊതിഞ്ഞ അന്തരീക്ഷം, അങ്ങ് ദൂരെ മൂടൽ  മഞ്ഞിൽ ഒളിച്ചു നിന്നിരുന്ന ചെറിയപച്ചപ്പ്‌ കണ്ടപ്പോഴാണ് കടലല്ല ഏതോ തടാകം ആണെന്ന് മനസ്സിലായത്. എല്ലാവരും എന്തോ അതിശയം കണ്ട മാതിരി ആ കാഴ്ച കണ്ടുകൊണ്ടിരിക്കുന്നു..ആര്ക്കും ഇഷ്ടപ്പെടും ആ കാഴ്ച. ഏതു ജലാശയം എന്ന് സംശയം ഉണ്ടായിരുന്നു. എങ്കിലും ആരോടും ചോദിക്കാൻ തോന്നിയില്ല. ചിൽക്ക സ്റ്റേഷനിൽ നിർത്തിയപ്പോൾ മനസ്സിലായി-പ്രശസ്തമയ ചിൽക്ക ജലാശയമായിരുന്നു അത്. (അതിശയം കലർന്ന നിന്റെ ചെറു ചിരി കാണാൻ നല്ല രസമാണ്.)
ഒട്ടും തിരക്കില്ല; ഭാഗ്യം!! യാത്ര സുഖകരം. സ്ലീപ്പർ ടിക്കറ്റ്‌ എടുത്തപ്പോൾ അബദ്ധമായോ എന്ന് കരുതിയതാണ്, പക്ഷെ ഇത്തവണ ഭാഗ്യമായി;ഈ തണുപ്പിൽ  ഇത്ര ഭംഗിയുള്ള പ്രകൃതിയെ കാണുവാനുള്ള അവസരമുണ്ടായി. മണിക്കൂറുകളോളം വാതിൽക്കൽ നിന്ന് മലകളും കുന്നുകളും ഓടി മാറുന്നത് കണ്ടു. ചെറിയ ചാറ്റൽ മഴയുമുണ്ട്. കുതിർന്ന പച്ചപ്പാണെങ്ങും. ഇടക്ക് ചെറിയ കുളങ്ങളിൽ ഒറ്റപ്പെട്ടും കൂട്ടമായും ചെന്താമരകൾ  വിരിഞ്ഞത് കാണാം.(ചെന്താമര നീ കണ്ടിട്ടില്ലല്ലോ??)
-----
രാവിലെ 5.30ന് എന്തോ ബഹളം കെട്ട് എഴുന്നേൽക്കേണ്ടി വന്നു, ഈയുള്ളവന്റെ ഉറക്കം നഷ്ടപ്പെടുത്തിയ സഹായത്രക്കാരെ മനസ്സിൽ പ്രാകിക്കൊണ്ടാണ് പുതുവർഷം തുടങ്ങിയത്. എന്തോ,വീണ്ടും തിരിഞ്ഞു കിടക്കാൻ തോന്നിയില്ല, മുഖം കഴുകി, പല്ല് തേച്ചു. പിന്നെ പുറംകാഴ്ചകൾ കണ്ടു നിന്നു. മഞ്ഞു മൂടിയ മലയിടുക്കുകൾ മാറി മാറി വരുന്നു, റയിൽ പാളങ്ങൾ പലതായി പിരിയുന്നതും ചെർന്നുവരുന്നതും കണ്ടു. വശ്യതയിലലിഞ്ഞു മനസ്സിലും കുളിരു പടർന്നു. തീവണ്ടി ഒരു ചെറിയ വളവിലൂടെ സഞ്ചരിക്കുന്നു, കുട്ടിക്കാലത്തെന്നോണം തല പുറത്തിട്ട് ബോഗികൾ എണ്ണി -16 ബോഗിയും അതിനെ വലിക്കുന്ന എഞ്ചിനും. തീവണ്ടി അല്ല! ഇപ്പോൾ ഇലക്ട്രിക്‌ വണ്ടി ആണ്!!
പാടങ്ങളുടെ അറ്റത്ത് കുടിലുകൾ കാണാം. ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ലാത്ത നാടുകൾ. അങ്ങിങ്ങ് കൂണുകൾ മുളച്ച പോലെ വെളിക്കിറങ്ങാൻ കുതിയിരിക്കുന്നവരെ കാണാം, പിന്നെ കുറെ ദൂരം തരിശിടങ്ങൾ, കൃഷിഭൂമികൾ, കേരളത്തിന്‌ അന്ന്യം നിന്ന് പോകുന്ന കാഴ്ചകൾ. അകലെ ഏതോ പട്ടണം ഉണ്ടെന്ന പ്രതീതിയിൽ ചെറു കെട്ടിടങ്ങൾ ഓടിമറഞ്ഞു, വലിയവ പ്രത്യക്ഷപ്പെട്ടു തുടങ്ങി.പുലരി പതുക്കെ മുഖം മിനുക്കുവാൻ തുടങ്ങി. വഴിവിളക്കുകൾ ഇപ്പോഴും പ്രകാശം പരത്തുന്നുണ്ട്. റയിൽ പാളങ്ങൾ പലതായി വിഭജിക്കപ്പെട്ടുതുടങ്ങി.മലയിടുക്കിലെ ഏതോ വലിയ പട്ടണം - വിശാഖപട്ടണം.
ഒരു ചായ കുടിച്ചു, കൈയിൽ കരുതിയിരുന്ന ചപ്പാത്തി കഴിച്ചു. ട്രെയിൻ വിശാഖപട്ടണത്തിൽ നിന്നും യാത്ര തുടങ്ങി. ഇനിയും 12 മണിക്കൂർ കൂടി. 5 മണിക്കൂർ മുൻപ് ഭംഗം വന്ന ഉറക്കം എവിടെനിന്നോ പാഞ്ഞെത്തി.കാലിൽ  സോക്സും കയറ്റി മറ്റൊരു ഉടുപ്പും കൂടി ഇട്ട് മുകളിൽ വലിഞ്ഞു കയറി കിടന്നു.വേഗം തന്നെ ഉറക്കത്തിലേക്കു വഴുതി.
അധികം സമയം ഉറങ്ങാനായില്ല, എന്തോ ഓർമ്മ വന്ന പോലെ ചാടി എണീറ്റു. ട്രെയിൻ നിർത്തി ഇട്ടിരിക്കുന്നു-ബരംപുർ സ്റ്റേഷൻ. സമയം-11.45.
-----
നവവത്സരാസംസകൾ അറിയിച്ചുകൊണ്ട് ഫോണ്‍ വിളികളും സന്ദേശങ്ങളും അങ്ങോട്ടും ഇങ്ങോട്ടും വന്നു കൊണ്ടിരുന്നു. എല്ലാവരും തന്നെ മൊബൈൽ ഫോണിൽ മുഖം നാട്ടിരിപ്പാണ്. യാത്രക്കിടയിൽ ഇതൊക്കെ തന്നെ പുതുവത്സരാഘോഷം! വണ്ടി കുടുങ്ങി കുടുങ്ങി പരമാവധി വേഗതയിൽ മഴച്ചീളുകളെ തട്ടി മാറ്റി സഞ്ചരിക്കുന്നു.ലക്ഷ്യസ്ഥാനം എത്താൻ ഇനിയും കാതമോരുപാട് താണ്ടണം. പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള മനസ്സുണ്ടായതിനാൽ അതിൽ സന്തോഷം കണ്ടെത്തി അങ്ങനെ ഇരിക്കുന്നു. സഹയാത്രികരെല്ലാം തന്നെ ബംഗാളികൾ ആണ്. ഒരു കൊച്ചു കുട്ടിയും കുടുംബവും ഒക്കെ ആയി എന്തൊക്കെയോ ബഹളങ്ങളും സന്തോഷങ്ങളും എല്ലാം.. എല്ലാവർക്കും പുതുവത്സരം ആണ്.. പക്ഷെ ഞാൻ ഒറ്റക്കാണ്- ആൾക്കൂട്ടത്തിൽ തനിയെ. ജീവിതത്തിൽ ആദ്യമായി "തനിയെ" എന്ന് തോന്നിയ പുതുവർഷപുലരി. (നീ കൂടെ ഉണ്ടായിരുന്നെങ്കിൽ!!)

ഒരു ചെറുചുംബനം നൽകി യാത്ര പറഞ്ഞു പിരിയുമ്പോൾ, തമ്മിൽ കാണുവാൻ ഒത്തിരി കാലതാമസമുണ്ട് എന്നറിഞ്ഞിട്ടും, മനസ്സ് വിങ്ങിയിട്ടും, മുഖം പ്രസന്നമാക്കി ചിരിച്ചുകൊണ്ട്  കൈകൾ വീശിയെങ്കിലും  നിന്റെ കണ്ണുകൾ ഈറനണിയുന്നത് എനിക്ക് കാണാമായിരുന്നു.. പിന്തിരിഞ്ഞു നടക്കുമ്പോൾ കണ്ണീർത്തടം പൊട്ടിയിട്ടില്ല എന്ന് വിശ്വസിച്ചുകൊള്ളട്ടെ സഖീ??

ക്ലേശങ്ങളെല്ലാം നല്ലൊരു നാളേക്കുള്ള നാന്ദി കുറിക്കട്ടെ.!!

പുതുവത്സരാശംസകളോടെ ...

No comments:

Post a Comment