അശ്വമേധം, ശ്രീ വയലാർ രാമവർമ്മയുടെ അനശ്വര കവിതകളിൽ ഒരുപക്ഷെ ഏറ്റവും പ്രശസ്തമായത്. ഈ കവിതയ്ക്ക് അത്രയേറെ സ്വീകാര്യത കിട്ടുവാൻ ഒരു പ്രധാന കാരണം ശ്രീ മധുസൂദനൻ നായരുടെ ആലാപനം ആയിരിക്കണം. അദ്ദേഹത്തിന്റെ ആലാപനങ്ങളിൽ കവിതയുടെ തീക്ഷ്ണതയും വരികൾക്കിടയിലെ ശോകവും, മൂകതയും, മുഗ്ദ്ധതയും, ശൗര്യവും, വശ്യതയും ഒക്കെ ഇടകലർന്നു ഗോചരവും അഗോചരവും ആയ അർത്ഥതലങ്ങളിലേക്ക് ഊളിയിട്ടിറങ്ങാൻ ആ പരുക്കൻ ശബ്ദത്തിന്റെ ഉയർച്ച താഴ്ചകൾക്കു നിസ്സംശയം സാധിക്കുന്നുണ്ട്. ഒരു പക്ഷെ മലയാള കവിതകളുടെ ആലാപന ശൈലീ രൂപകല്പനയിൽ അദ്ദേഹത്തെ അനുകരിച്ചവർ ആകും അധികവും.
ഇവിടെ, കവിതയുടെയോ, കവിതാലാപന ശൈലിയുടെയോ, ആന്തരികാർത്ഥ വിശകലനമോ അല്ല ഞാൻ ഉദ്ദേശിക്കുന്നത്. അശ്വമേധം, എന്ന ഈ കവിത, വരികളോടൊപ്പം ഫേസ്ബുക് ഇൽ ഒരാൾ (ഉമേഷേട്ടൻ) ഷെയർ ചെയ്തത് കണ്ടപ്പോൾ/കേട്ടപ്പോൾ പെട്ടെന്ന് ഓർമ്മയുടെ ഉപരിതലത്തിലേക്ക് വന്ന ചില സന്ദർഭങ്ങൾ ആണ്.
ഏകദേശം 24 വര്ഷം മുൻപ്, 1996-97 കാലം, ഞാൻ മൂന്നാം ക്ലാസ് പഠിക്കുന്ന കാലം. ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന, താരതമ്യേന പുതിയതായി തുടങ്ങിയ, ഞങ്ങളുടെ പ്രദേശത്തെ ആദ്യത്തെ CBSE ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അടിത്തറ ഇട്ട ആദ്യ ബാച്ചിൽ ഉള്ള ഒരുത്തൻ ആയി ആവശ്യത്തിൽ കൂടുതൽ തടിയുള്ളതിന്റെ അഹങ്കാരത്തിൽ വിലസുന്ന കാലം. അത്യാവശ്യം പഠനം, കുസൃതി ഒക്കെ ആയി വിലസുന്ന പ്രായം. സ്കൂളിൽ ഫാൻസി ഡ്രസ്സ്, കവിത മത്സരം എന്നിവയിൽ പങ്കെടുക്കണം.. ഒന്നാം സ്ഥാനം തന്നെ വേണം.. നിലവാര തകർച്ച അനുവദനീയം അല്ല.. വീട്ടിലെയും നാട്ടിലെയും വലിയ നല്ലനടപ്പു കാരൻ ആണ്.. ഭാവിയിൽ വലിയ ആൾ ആകേണ്ടവൻ.. പ്രസ്റ്റീജ് ഇഷ്യൂ ആണ്..
ഫാൻസി ഡ്രസ്സ് നു ഭിക്ഷുവിന്റെ റോൾ ഏകദേശം ഒപ്പിച്ചു.. തടി ഉണ്ടെങ്കിലും ഒരു ഭിക്ഷക്കാരൻ ആയി രൂപമാറ്റം വരുത്തി അച്ഛൻ-അമ്മ കഷ്ടപ്പെട്ട്, വടിയും കുത്തി കൂനി നടക്കുന്ന മുടന്തൻ ഭിക്ഷാടകർ ആക്കി.. പഴുപ്പ് ഒലിക്കുന്ന കരി നിറം പിടിച്ച ശരീരം.. കൂടെ ഒരു പാട്ടും പഠിപ്പിച്ചു.. "പാമ്പുകൾക്ക് മാളം ഉണ്ട്, പറവകൾക്കാകാശം ഉണ്ട്, മനുഷ്യ പുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ലാ.. മണ്ണിലിടമില്ലാ.." അത്യാവശ്യം താളം ആ സമയത്തു തെറ്റാതെ വന്നു, വിറച്ചു വിറച്ചു കൂനി നടന്നു രംഗം കൊഴുപ്പിച്ചു.. മോശം പറയരുതല്ലോ, അതെ വേഷത്തിനു ആ വര്ഷം ഒന്നാം സ്ഥാനവും, പിന്നത്തെ കൊല്ലം രണ്ടാം സ്ഥാനവും കിട്ടി.. (കൂടെ ഒരു ലോഡ് പ്രതീക്ഷയുടെ ഭാരവും, ഞാനൊരു സംഭവം ആണെന്ന അഹങ്കാരത്തിന്റെ അമിതഭാരവും)..
കവിത, അതൊരു പ്രശ്നം ആണ്.. ഒരു പദ്യ ഭാഗം ഒക്കെ പറഞ്ഞു തരാൻ അച്ഛൻ വിദഗ്ധൻ ആണ്.. അന്ത:സത്ത ഉൾക്കൊള്ളിക്കും വിധം വിശദമായും ആലങ്കാരികം ആയും പറഞ്ഞു തരും.. ഹൃദിസ്ഥം ആക്കിയാൽ നല്ലത്, പക്ഷെ അതിനേക്കാൾ ആവശ്യം, വെറും കാണാപ്പാഠം പടിക്കൽ അല്ലാതെ, വായിക്കുന്നതിന്റെയോ, കേൾക്കുന്നതിന്റെയോ, അന്ത:സത്ത അല്ലെങ്കിൽ പരമാർത്ഥം, അത് ചികയുക, മനസ്സിലാക്കുക, ഉൾക്കൊള്ളുക, അറിയുക, അറിവിനും അപ്പുറം ഉണ്ടെങ്കിൽ അന്വേഷിക്കുക എന്ന വിത്ത് കൂടെ എനിക്ക് ഇട്ടു തന്നത് അച്ഛൻ ആണ്.. "മനനം ചെയ്യാൻ കഴിയുന്നവൻ മനുഷ്യൻ", അതിനു പാകപ്പെട്ട മനസ്സുള്ള ഏക ജീവി മനുഷ്യൻ മാത്രം ആണ് എന്നുള്ള അടിസ്ഥാനം കിട്ടിയതും ആ കാലഘട്ടത്തിൽ ആണ്.
അപ്പോൾ, കവിത.. മലയാളം കവിതാലാപനം! കവിതകൾ അനവധി.. പക്ഷെ പഠിക്കാൻ എനിക്ക് താൽപ്പര്യം ഇല്ല.. അത് താളത്തിൽ മതിപ്പ് തോന്നിപ്പിക്കാവുന്ന അളവിൽ പഠിപ്പിക്കാൻ അച്ഛൻ-അമ്മ ദ്വയത്തിന് സാധിക്കുന്നതും ഇല്ല.. പുറത്തൊന്നും തിരക്കണ്ട, നമ്മുടെ അരുൺ, അവൻ നന്നായി പാടുകയൊക്കെ ചെയ്യും.. പ്രസംഗിക്കാനും ഒക്കെ ശീലം ഉണ്ട് -- അമ്മയുടെ വക, ആളെ കിട്ടി. ഈ പറഞ്ഞ ആൾ നേരെ ചേട്ടൻ ആണ്, അമ്മ വഴിക്ക് എന്റെ കൊച്ചപ്പുപ്പൻ (ഇലഞ്ഞിയിൽ കരുണാകരപ്പണിക്കർ) ന്റെ മകൻ.. ഒറ്റ കേൾവിയിൽ തന്നെ അച്ഛനും അംഗീകരിച്ചു (അമ്മ പറഞ്ഞ ഒരു സംഗതി, അതുപടി, ഒരു തിരുത്തും ഇല്ലാതെ അച്ഛൻ സമ്മതിച്ച അത്യപൂർവ കാര്യങ്ങളിൽ ഒന്ന് ആയിരുന്നു അത്, പിന്നെ പഠിപ്പിന് വേറെ ചിലവും വരില്ലല്ലോ..) ഗുരു റെഡി.. സമയം പരിമിതം ആണ്. പഠനം ഉടനെ തുടങ്ങണം, ഫസ്റ്റ് അടിക്കണം.. പക്ഷെ, ലോകപരിപാലനത്തിനു നടക്കുന്ന യുവരക്തം തുടിക്കുന്ന പഠനത്തിനിടയിൽ പ്രധാനമായി രാഷ്ട്രീയവും തലയിലും നെഞ്ചിലും ഏറ്റി നടക്കുന്ന നിർദിഷ്ട ഗുരുവിനെ കണ്ടു കിട്ടാൻ ആണ് പാട്..
എന്തായാലും, പിറ്റേന്ന് വൈകിട്ട് തന്നെ ഒരു പരുക്കൻ ശബ്ദത്തിൽ, സ്ഥിര പരിചിതമായ ശൈലിയിൽ, ശോഭ ചേച്ചി (എന്റെ അമ്മ), എന്തുണ്ട് വിശേഷം! എന്ന് വിളിച്ചു വന്നിരിക്കുന്നു, കവിതാ ഗുരു, സാക്ഷാൽ ഇലഞ്ഞിയിൽ അരുൺ കെ പണിക്കർ.. ആവശ്യത്തിന് നേതൃത്വ ഗുണം, ചങ്കൂറ്റം, അത്യാവശ്യം തല്ലു കൊള്ളിത്തരം, ഒക്കെ ഉണ്ട്.. സാധിക്കുമെങ്കിൽ എന്ത് സഹായവും ചെയ്‌യും..എന്തായാലും അന്നും ഇന്നും, ആൾ ചേർത്തലയിലെ ബിജെപി യുടെ അവിഭാജ്യ ഘടകവും, മുൻ നിര പ്രവർത്തകനും ആണ്. കുശലാന്വേഷണം, നാട്ടുവർത്തമാനം ഒക്കെ കഴിഞ്ഞു, പ്രധാന വിഷയം ആയ കവിതയിലേക്ക് കടന്നു.. ഒരു കവിത അല്ലെ, ഒക്കെ ശെരിയാക്കാം.. ചിന്തൂ, നാളെ ശനി അല്ലെ, ഉച്ച കഴിഞ്ഞു വീട്ടിലേക്ക് പോരെ.. അങ്ങനെ തീവ്ര തീക്ഷ്ണ പുരുഷ കറുമുറാ ശബ്ദത്തിന്റെ ഉടമസ്ഥന്റെ ശിഷ്യനായി കവിതാധ്യായനം നടത്താൻ പോകുകയാണ്.. (ചിന്തു--എന്നെ വീട്ടിൽ വിളിക്കുന്ന പേര്. ഈ അടുത്ത കാലം വരെ അത് ബഹുജന മദ്ധ്യം വിളമ്പുന്നതോ, വീട്ടുകാർ അല്ലാത്തവർ അത് അറിയുന്നതോ, വിളിക്കുന്നതോ എനിക്ക് അലര്‍ജി ആയിരുന്നു).
എട്ട് കെട്ട് തറവാടുകൾ ശോഷിക്കാതെ നില നിന്നിരുന്ന, അതിൽ കുടുംബങ്ങൾ പാർത്തിരുന്ന ഒരു കാലത്തിൽ ബാല്യം കടന്നു പോകാൻ ജന്മഭാഗ്യം ഉണ്ടായിട്ടുണ്ട്.. പറഞ്ഞു വന്നത്, അത് പോലെ ഒരു എട്ട് കെട്ട് ആയിരുന്നു ഇലഞ്ഞിയിൽ വീട്.. നാട്ടിലെ പഞ്ചസാര മണലിന്റെ വെള്ള വിരിച്ച പരവതാനിയിൽ ചതുരാകൃതിയിൽ ഓട് മേഞ്ഞ, നടുമുറ്റം ഉള്ള, സുന്ദരമായ, പ്രൗഢി ഉള്ള വീട്. 5 അടിക്കു മേൽ പൊക്കം ഉള്ള ആൾ പടി കടന്നു അകത്തു കടക്കണം എങ്കിൽ തല കുമ്പിടണം. പടിഞ്ഞാറ് ഇലഞ്ഞിയിൽ പാടശേഖരം. വീടിന്റെ തെക്കുവശം, ആ പ്രദേശം മുഴുവൻ ചിപ്പ് പിടിച്ചു തണൽ നൽകുന്ന പുളി മരം. പിന്നീട് ആ മരം മുറിക്കുമ്പോൾ, അതിന്റെ ശാഖകൾ അറുക്കുമ്പോൾ, കാതലിന്റെ ഉറപ്പു കൊണ്ട് തീ പാറുമായിരുന്നു. പല ഗ്രേഡ് ബ്ലേഡുകൾ തേഞ്ഞു തീർന്നിട്ടുണ്ട്. അത്ര വലുതും ബൃഹത്തും ആയിരുന്നു, --ഇലഞ്ഞിയിലെ വീട് പോലെ.. അങ്ങനെ പുത്തൻപുര എന്ന നാലുകെട്ടിൽ നിന്ന് ഇലഞ്ഞിയിലേക്ക് ഒരു ശനിയാഴ്ച കവിത പഠിക്കാൻ പോയി.. പോയി എന്നൊക്കെ പറയുമ്പോൾ, സൈക്കിൾ ഇൽ പാടത്തിനു നടുവിൽ പൊട്ടി പൊളിഞ്ഞ ചുവന്ന പൂഴി മണ്ണ് ഉറപ്പിച്ച റോഡ്. കൂടി പോയാൽ 1 കി.മി.. നാട്ടിൽ ഇപ്പോൾ അങ്ങനെ റോഡുകൾ വിരളം ആണ്.. എല്ലാം ടാർ ചെയ്തു കറുപ്പിച്ചു.. പൂഴി ഇട്ട ചുവന്ന റോഡ് വെള്ള വിരിച്ച നാട്ടുപച്ചപ്പിന്റെ ഇടയിലൂടെ പോകുന്നത് കാണാൻ അഴകായിരുന്നു.
നടുമുറ്റത്തിന്റെ തെക്കു വശത്തെ തൂണിൽ ചാരി കാലും നീട്ടി ഒരു കുഞ്ഞു പുസ്തകം കൈയിൽ വച്ച് ഇരിപ്പാണ് നമ്മളുടെ ഗുരു. കാവി മുണ്ട് ഉടുത്തിട്ടുണ്ട്.. 'ആഹ്, വാ.. ചിന്തു.. നമ്മൾക്ക് അശ്വമേധം തന്നെ എടുക്കാം (നേരെ കാര്യത്തിലേക്ക് കടന്നു), അതാകുമ്പോൾ ചെറുതും ആണ്, അർത്ഥവും ഉണ്ട്, നന്നായി പാടിയാൽ ഒന്നാം സമ്മാനം ഉറപ്പ്.. അങ്ങനെ ആ കറുമുറാ ശബ്ദത്തിന്റെ തൊണ്ടയിൽ നിന്ന് തന്നെ താളത്തിൽ അശ്വമേധം കവിത ഒഴുകി.. കവിത എഴുതി എടുപ്പിച്ചു.. നന്നായി പാടിപ്പിക്കും, അക്ഷര തെറ്റ് ശെരിയാക്കി തരും, ഇടക്ക് ചീത്ത വിളിക്കും, പക്ഷെ അടിസ്ഥാനപരമായ മുരടൻ രീതി വിട്ടൊരു കളിയില്ല (അതിപ്പോഴും അങ്ങനെ തന്നെ).. കവിത നന്നായി പഠിപ്പിച്ചു, പഠിച്ചു.. ഫാൻസി ഡ്രസ്സ് കഴിഞ്ഞു 2 മണിക്കൂർ കഴിഞ്ഞായിരുന്നു കവിതാലാപനം. ആദ്യത്തെ ഒരു മുട്ട് വിറയൽ ഒഴിവാക്കി, അച്ഛൻ പറഞ്ഞ ഒരു ടെക്‌നിക് കൂടി ഉപയോഗിച്ച് അശ്വമേധം പാടി -- ഒന്നാം സ്ഥാനം നേടി.. ആ കാലത്തു അശ്വമേധം ആയിരുന്നു സ്കൂൾ കലോത്സവങ്ങളിൽ കവിത മത്സരത്തിന്റെ ട്രെൻഡ്. ആ ചെറു പുസ്തകത്തിൽ ഉണ്ടായിന്ന വയലാർ ന്റെ തന്നെ കവിതകൾ പിന്നീട് youtube ന്റെ യുഗത്തിൽ ആണ് കേൾക്കുന്നത്, മധുസൂദനൻ നായർ ന്റെ ശബ്ദത്തിൽ.. പക്ഷെ, ഇപ്പോഴും അശ്വമേധം എന്നും ഓർമയിൽ നിൽക്കുന്നത് അരുൺ ചേട്ടൻ പഠിപ്പിച്ച ശബ്ദത്തിലും താളത്തിലും ആണ്.! (അച്ഛൻ അന്ന് പറഞ്ഞ ടെക്‌നിക് -- സ്റ്റേജിൽ നിൽക്കുമ്പോൾ ദൂരെ നോക്കണം കാണികളുടെ തലയ്ക്കു മുകളിലൂടെ, ആരുടേയും മുഖം പ്രത്യേകം ശ്രദ്ധിക്കാതെ ശൂന്യതയോടെന്നവണ്ണം നോക്കി പാട്ട് പാടുക.)
----
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ; പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ!
----
SSP